Get Even More Visitors To Your Blog, Upgrade To A Business Listing >>

ശാസ്ത്രകുറിപ്പ്

Tags: agraveacute

                                               കാലം 1950 ന്റെ അന്ത്യം.

                    ബസ്സ് തന്റെ സ്റ്റോപ്പിൽ നിറുത്തിയപ്പോഴേ കണ്ടു, ദാസപ്പൻ കടയടച്ച് സ്ഥലം വിട്ടിരിക്കുന്നു.വീടുവരെയുള്ള സുഹൃത്തായിരുന്നു,പേടിക്കാതെ സംസാരിച്ച് നടന്ന് വീടെത്താമായിരുന്നു.ദാസപ്പനെ പറഞ്ഞിട്ടെന്തു കാര്യം,ബസ്സ് പട്ടണത്തിൽ നിന്നെടുത്തതുതന്നെ  വൈകിയാണ് ,വഴിയിൽ ടയർ പങ്‌ചറായി പിന്നെയും പോയി മുക്കാൽ മണിക്കൂർ.

              ഇനി പറഞ്ഞിട്ടെന്താ കാര്യം,,നടക്കുക തന്നെ. ടാർ റോഡ് വിട്ട് വെട്ടുവഴിയിലേക്കിറങ്ങിയപ്പോൾ അയാൾ മുകളിലേക്ക് നോക്കി.ഇന്ന് അമാവാസിയാണല്ലോ ,അതുകൊണ്ട്  നിലാവുണ്ടാകില്ല, മഴക്കാറുള്ളത് കൊണ്ട് നക്ഷത്രങ്ങളും. എങ്ങും കുറ്റാകൂരിരുട്ട് ,ഈശ്വരാ ഈ ഇരുട്ട് താണ്ടി രണ്ട് കിലോമീറ്റർ നടക്കണമല്ലൊ വീടെത്താൻ ,അയാൾ നെടുവീർപ്പിട്ടുകൊണ്ട് നടക്കാൻ തുടങ്ങി.

                      ആദ്യത്തെ വളവു തിരിഞ്ഞതോടെ അയാൾ പൂർണമായും ഇരുട്ടിലേക്കെറിയപ്പെട്ടു. ചുറ്റുപാടുമുള്ള വീടുകൾ പോലും പൂർണമായും ഇരുട്ടിലായിരിക്കുന്നു, നേരത്തെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവർ,പാവപ്പെട്ട കൃഷീവലർ.അല്ലെങ്കിൽ ആരോടെങ്കിലും ഒരു ചൂട്ടുകറ്റയെങ്കിലും സംഘടിപ്പിക്കാമായിരുന്നു, അയാളോർത്തു.പെട്ടെന്നാണ് ഇടതുവശത്തെ പറമ്പിൽ നിന്ന് ഏതോ ഒരു ജീവി കരിയിലകൾ ചവിട്ടിമെതിച്ച് ഓടുന്ന ശബ്‍ദം അയാളുടെ കാതിൽ വീണത്.അയാൾ നിന്ന നിൽപ്പിൽ ഒന്ന് ചാടി ,പിന്നെയാണ് മനസ്സിലായത് കുറുക്കനാണ് ,തന്നെ കണ്ട് പേടിച്ച് ഉയിരും കൊണ്ട് ഓടിയതാണ്.

                  അയാൾ ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് നടക്കാൻ തുടങ്ങി.പക്ഷേ ഭയമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടായിരിക്കാം ദൈവത്തിൽ മനസ്സുറയ്ക്കുന്നില്ല. ഭയം അയാളെ ചൂഴ്ന്നു നിന്നു.ചുറ്റുപാട് നിന്നും പലജാതി  ശബ്ദങ്ങൾ , എന്തെന്നറിയാത്ത ഉറവിടമറിയാത്ത ശബ്ദങ്ങൾ തന്നെ പേടിപ്പിക്കാനായി ഉയരുന്നുണ്ട്.രാവിലെ ഇറങ്ങിപുറപ്പെടാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു ,,ഭാര്യ പറഞ്ഞതാണ് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോകാം എന്ന്. അവളുടെ വാക്കു കേൾക്കാതെ ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെ അയാൾ ശപിച്ചു.

                    ഓ!ചിന്തിച്ച് ചിന്തിച്ച് മുന്നോട്ടുപോയത് അയാളറിഞ്ഞില്ല. ഇനി വയലാണ് .ഈ വയലും താണ്ടി കുന്നുകേറിയിറങ്ങിയാൽ വീടെത്തി.വയലിലേക്കിറങ്ങിയപ്പോൾ ഒരു ചെറിയ നാട്ടുവെളിച്ചം - അരണ്ട വെളിച്ചം -  അയാളെ വഴികാട്ടാനെത്തി.തുറസ്സായതു കൊണ്ടുള്ള ഗുണം. അയാൾ അല്പം വീതിയുള്ള പാടവരമ്പിലൂടെ സൂക്ഷിച്ച് മുന്നോട്ട് നടന്നു.കഷ്ടി ഒരു അമ്പത് സ്റ്റെപ്പ് വച്ചിട്ടുണ്ടാകും,അടുത്ത സ്റ്റെപ്പ് വയ്ക്കാൻ കാലുയർത്തിയ അയാൾ ഞെട്ടലോടെ കണ്ടു, വയൽ വരമ്പിലൊരു പാമ്പ്.അത് ശരീരം ചുരുട്ടി  പത്തിയുമുയർത്തി നിൽക്കുകയാണ്.പത്തിയുയർത്തി ആടുന്നുണ്ടോ എന്നൊരു സംശയവും.

           ആരെ വിളിക്കാൻ,ആരോട് പറയാൻ?അയാൾ വളരെ പതുക്കെ ഉയർത്തിയ കാൽ പിന്നോക്കം വച്ചു .പാമ്പും തന്റെ കാലിനു നേരെ നീങ്ങുന്നുണ്ടോ?അയാൾ നിന്ന നിൽപ്പിൽ വിയർപ്പിൽ കുളിച്ചു.ശരീരം മുഴുവൻ വിയർത്തൊഴുകി. ചുരുട്ടിപ്പിടിച്ച കൈവെള്ളയിലൂടെ വിയർപ്പ് തുള്ളിയിട്ടു. പാമ്പിന്റെ നേരെ നിന്ന് കണ്ണ് പിൻവലിക്കാൻ അയാൾക്ക് ഭയമായി.ആ സമയം നോക്കി പാമ്പ് ചാടി കൊത്തിയാലോ?. അർജുനൻ, ഫൽഗുനൻ ........  ഫൽഗുനൻ ........... പേടി കൊണ്ട് പണ്ട് അമ്മൂമ്മ പഠിപ്പിച്ച മന്ത്രമയാൾ തപ്പി.ഓർമ്മ വരുന്നില്ല. തന്റെ അവസാനം ആയി എന്ന ചിന്ത അയാളെ വല്ലാതെ  ഭീതിപ്പെടുത്തി.തൻെറ  ജീവന്റെ ജീവനായ മക്കളെ,ഭാര്യയെ, രോഗിയായ അമ്മയെ, തനിക്കു താങ്ങും തണലുമായി എന്നും നിന്നിരുന്ന അനിയനെ ഒക്കെയയാൾ മനസ്സിലോർത്തു.അയാൾ കണ്ണൂകൾ മുറുക്കിയടച്ചു ,അടുത്ത നിമിഷം പേടി കൊണ്ട് തുറന്നു,കണ്ണടച്ചു നിൽക്കുന്ന നേരം പാമ്പ് കൊത്താൻ വന്നാലോ?

                അപ്പോഴാണ് ,അപ്പോഴാണ് ദൂരേ നിന്ന് ഒരു ചൂട്ട് മുന്നോട്ട് വീശുന്നുന്നതയാൾ കണ്ടത്.ഉച്ചി  മുതൽ പാദം  വരെ ഒരു തണുപ്പ് ഇറങ്ങി വരുന്നതയാൾ അറിയാൻ തുടങ്ങി. ആശ്വാസത്തോടെ ആ വെളിച്ചം അടുത്തടുത്ത് വരുന്നതയാൾ നിറഞ്ഞ സന്തോഷത്തോടെ  കണ്ടുനിന്നു.അടുത്തെത്തിയപ്പോൾ പെട്ടെന്ന് ചൂട്ട് നിൽക്കുന്നതും തന്റെ മുഖത്തേക്ക് ചൂട്ടു വീശുന്നതും അയാൾക്കു മാനസ്സിലായി.ആളറിയാനുള്ള മാർഗ്ഗം.ഒറ്റശ്വാസത്തിൽ ഇരുട്ടിൽ നിന്നയാൾ പറഞ്ഞു,ഞാൻ മേലേടത്തെ രാഘവനാണ് പട്ടണത്തിൽ പോയിട്ട് ഈ നേരമായി തിരിച്ചെത്താൻ.ദേ ഇവിടെയൊരു പാമ്പുണ്ടെ ,സൂക്ഷിക്കണേ.ചൂട്ടുകാരനും പേടിച്ച് പിന്നോക്കമൊന്നു  ചാടി താഴേക്ക് ചൂട്ടു വീശിയപ്പോൾ കണ്ടത് ആരോ പാട വരമ്പിൽ ചുരുട്ടിവച്ച, എടുക്കാൻ മറന്ന കാളക്കയറാണ്.അതിന്റെ ഒരു തുമ്പ് മുകളിലേക്ക് അൽപ്പം തള്ളിയും കാണുന്നുണ്ട്. അകന്നുപോയ മരണഭയം രാഘവനെ ആ വരമ്പിൽ കുത്തിയിരുത്തി.ആഗതൻ ചോദിച്ചു,പ്രശ്നമൊന്നുമില്ലല്ലോ? ഞാൻ കൂടെ വരണോ? വേണ്ടെന്ന് തലയാട്ടാനേ കഴിഞ്ഞുള്ളൂ ."അന്നാ ശരി" എന്നയാൾ  അയാളുടെ വഴിക്കു പോയി.നിമിഷങ്ങൾക്ക് ശേഷം ആ കയർ വാരിയെടുത്ത് രാഘവനും സ്ഥലം വിട്ടൂ,ഇനിയാരെയും ഇത് പേടിപ്പിക്കരുതല്ലോ!.

                          നമ്മൾ ഒരു പാട് കാഴ്ചകൾ ദിനവും കാണുന്നുണ്ട്,കേൾക്കുന്നുണ്ട്,അറിയുന്നുണ്ട്.എന്നാൽ അതെല്ലാം ശരിയായ ഉപകരണങ്ങൾ - ശാസ്ത്രബോധം ,യുക്തിചിന്ത,അറിവ് -  ഉപയോഗിച്ച് വിശകലനം ചെയ്തിട്ടേ മനസ്സിലേക്കാവാഹിക്കാവൂ.

           (ഇന്ത്യൻ പാരംബര്യ തർക്കശാസ്ത്രത്തിലെ ഒരു ന്യായമാണ്  രജ്ജു സർപ്പ ന്യായം.(രജ്ജു എന്നാൽ കയർ)അവിദ്യ കൊണ്ട് കയറിനെ പാമ്പായി കാണുന്നവൻ വിദ്യ കൊണ്ട് കാര്യങ്ങളെ വ്യവഛേദിച്ചറിയുന്നു  എന്നാണിതിന്റെ  അർത്ഥം.ഇവിടെ വിദ്യ എന്നതിനെ ശാസ്ത്രബോധം യുക്തിചിന്ത ഒക്കെയായിട്ട് സങ്കൽപ്പിച്ചപ്പോൾ ഈ കുറിപ്പ് പിറന്നു.)

                       


Share the post

ശാസ്ത്രകുറിപ്പ്

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×