Get Even More Visitors To Your Blog, Upgrade To A Business Listing >>

ദൈവങ്ങളും പ്രാർത്ഥനകളും

Tags: agraveacute

                കോൾ അറ്റൻറു ചെയ്യാൻ മറുവശത്താരുമില്ലാത്ത ഒരു ഫോൺകോളാണ് പ്രാർത്ഥന എന്നു പറഞ്ഞത് എടി.കോവൂരാണ്.പ്രാർത്ഥനയിൽ അഞ്ച് കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് പറഞ്ഞത് രവിചന്ദ്രനാണ്. പ്രാർത്ഥിച്ച  20 ശതമാനം കാര്യങ്ങളും  നടക്കും,20 ശതമാനത്തിൽ കുറച്ചു കാര്യങ്ങൾ നടക്കും,ഭൂരിപക്ഷവും നടക്കില്ല,20 ശതമാനത്തിൻറെ പകുതി നടക്കും പകുതി നടക്കില്ല,വീണ്ടുമൊരു 20 ശതമാനത്തിൻറെ ഭൂരിഭാഗവും നടക്കും കുറച്ചുമാത്രം നടക്കില്ല,അവസാനത്തെ 20 ശതമാനം ഒരിക്കലും നടക്കില്ല.തീർന്നില്ല,ദൈവത്തോടു പ്രാർത്ഥിക്കുന്നതിനു പകരം നിങ്ങൾ ചെകുത്താനോടു പ്രാർത്ഥിക്കൂ,അല്ലെങ്കിൽ അലക്കു കല്ലിനോട് പ്രാർത്ഥിക്ക് എന്നാലും ഇതുതന്നെ സംഭവിക്കും അല്ലെങ്കിൽ ഇത്രയേ സംഭവിക്കൂ.

                 ഇത്രയും പറയാനിടവന്നത് ഇന്നത്തെ മാതൃഭൂമിയിലെ വാർത്ത കണ്ടിട്ടാണ്.കോവിഡ് ചികിൽസയിലുള്ളവർക്കും മരിച്ചവർക്കും വൈറസ് പ്രതിരോധത്തിനായി അക്ഷീണം യത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ഭരണകർത്താക്കൾക്കും വേണ്ടി മെയ് 3 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആണ് ആഹ്വാനം.കേരളത്തിലുള്ള ഒട്ടുമിക്ക മതാധിപൻമാരും  (മതഭേദമന്യേ) ഇതിലൊപ്പുവച്ചിട്ടുണ്ട്.ആദ്യമായി ഇതിൽ പറയാനുള്ളത്,പ്രിയ മത അദ്ധ്യക്ഷൻമാരെ, വലിയൊരു വിഭാഗത്തിനെ നിങ്ങളീ പ്രാർത്ഥനയിലൊഴിവാക്കി എന്ന പരാതിയാണ്.നിങ്ങൾ മുകളിൽ പറഞ്ഞ  കാറ്റഗറിയിലൊന്നും പെടാത്ത വലിയൊരു ജനവിഭാഗം ഇവിടെയുണ്ടെന്നു നിങ്ങൾ മറന്നു.ആരോഗ്യപ്രവർത്തകരുടേയും ഭരണകർത്താക്കളുടേയും ആഹ്വാനമനുസരിച്ച് സ്വന്തക്കാരൻ മരിച്ചിട്ടും,സ്വന്തക്കാരുടെ കല്യാണമുണ്ടായിട്ടും, സ്വന്തം തൊഴിലുപോലുമുപേക്ഷിച്ച് വീട്ടിലിരുന്ന പൊതുജനം.ആ പൊതുജനത്തിനുവേണ്ടി മാത്രം പ്രാർത്ഥിക്കാൻ ആരുമില്ല.(അല്ലെങ്കിലും പൊതുജനം കഴുതയാണല്ലോ)

                   പ്രാർത്ഥനയുടെ ചരിത്രം പരിശോധിച്ചാൽ മനുഷ്യൻ കാടന്മാരായി ഭക്ഷണം തേടി അലഞ്ഞു നടന്നപ്പോൾ അവനെ സഹായിക്കാൻ  ദൈവമുണ്ടായിരുന്നതിനു തെളിവുകളൊന്നും ലഭ്യമല്ല.മറിച്ചായിരുന്നതിനു തെളിവുകൾ ധാരാളം വായിച്ചെടുക്കാനായിട്ടുണ്ട് താനും.ക്രൂരമൃഗങ്ങളുടെ ആക്രമണങ്ങളിൽ ക്രൂരമായി പരിക്കേറ്റും കൊല്ലപ്പെട്ടും ഉയരങ്ങളിൽ നിന്ന് വീണു മരിച്ചും വിഷക്കായകൾ തിന്ന് മരിച്ചും ഒക്കെ നേടിയ അനുഭവങ്ങളിലൂടെയാണ് മനുഷ്യൻ വളർന്ന് ഇവിടംവരെ എത്തിയത്.അവനെ സഹായിക്കാൻ ദൈവങ്ങളോ പ്രാർത്ഥനകളൊ,എന്തിന് പ്രാർത്ഥനക്കാഹ്വാനം ചെയ്യാനുള്ള ഇടനിലക്കാരോ ഉണ്ടായിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.

                  പിന്നീടെപ്പൊഴാണ് പ്രാർത്ഥനകളും ദൈവങ്ങളും മനുഷ്യരുടെ ജീവിതത്തിലേക്ക്  കടന്നു വരുന്നത് ഭക്ഷണം ശേഖരിച്ചും വേട്ടയാടിയും നടന്ന മനുഷ്യൻ തൻറെ ചുറ്റുമുള്ള പ്രകൃതിശക്തികളെ പേടിക്കുകയും അവയെ ആരാധിക്കാനും തുടങ്ങിയെന്നാണ് ചരിത്രം പറയുന്നത്.അതിനുമുമ്പേ,വേട്ടയ്ക്കു പോകുന്നതിനു മുമ്പേ സംഘം ചേർന്ന് വേട്ട ചെയ്യേണ്ട മൃഗങ്ങളുടെ ചലനങ്ങളെ അനുകരിച്ച് വികൃതമായി നൃത്തം ചെയ്യുമായിരുന്നു.ഈ നൃത്തത്തിൻറെ വിവിധ രൂപങ്ങൾ ആ മനുഷ്യർ ഗുഹകളുടെ ചുമരുകളിൽ കോറിയിടുകയും ചെയ്യുകയും അങ്ങനെ അവരുടെ ശക്തി തങ്ങളുടെ ശരീരത്തിലേക്കാവാഹിച്ചെന്നു ധരിക്കുകയും ചെയ്യുമായിരുന്നു അവർ.അവിടെ നിന്നാണ്,തങ്ങൾക്കു മനസ്സിലാക്കാൻ പറ്റാത്ത പ്രകൃതി ശക്തികളെ ഭയപ്പെടുകയും,ആരാധനയിലേക്ക് മാറുകയും ചെയ്തത്.
ദൈവങ്ങളും പ്രാർത്ഥനകളും വളർന്നുവരാൻ തുടങ്ങിയത് മനുഷ്യൻ വർഗങ്ങളായി വേർതിരിഞ്ഞതോടെയാണ്.പണിയെടുക്കാൻ ഒരു കൂട്ടരും പണിയിപ്പിക്കാൻ മറ്റൊരു കൂട്ടരുമായതോടെ പണിയെടുക്കുന്ന കൂട്ടരെ ഒതുക്കി നിറുത്തുവാനും അവർക്ക് വേദനകൾ ഇറക്കിവയ്കാനുള്ള അത്താണിയായും മേലാളർ ബോധപൂർവം വളർത്തിക്കൊണ്ടുവന്നതുമായ ഒന്നാണ് ദൈവങ്ങളും ദൈവങ്ങളോടുള്ള പ്രാർത്ഥനകളും.ഇവ വളർന്ന് പുഷ്കലമായത് ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിലാണെന്നു മാത്രം.

                   ദൈവങ്ങളും അവരോടുള്ള പ്രാർത്ഥനകളും പലരൂപത്തിലും ഭാവതതിലും നിറഞ്ഞാടിയിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്.എന്നാൽ നമുക്കു കാണാൻ കഴിയുന്ന കാഴ്ച ഫ്യൂഡലിസം മാറി അടുത്ത ഘട്ടംവന്നതോടെ(ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നിവയൊഴിച്ച്) മിക്ക ആധുനീക മുതലാളിത്ത രാജ്യങ്ങളിലും ദൈവവും പ്രാർത്ഥനയും പിന്നണിയിലേക്ക് മാറി എന്നാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാലത്ത് ഇന്ത്യും പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമായിരുന്നു എന്നുമാത്രമല്ല,ഇവിടെ നടന്ന സ്വാതന്ത്ര്യസമരത്തിൻറെ പ്രത്യേകത കാരണം ഇന്ത്യൻ ഫ്യൂഡലിസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇവിടെ മുതലാളിത്തം വളർന്നു വന്നത്.വിഭജനാനന്തരകാലത്ത് അതുകൊണ്ടുതന്നെ ഇന്ത്യ മതേതരമേലങ്കി വാരിപ്പുണരാൻ ശ്രമിച്ചപ്പോൾ പാക്കിസ്ഥാൻ പക്കാ മതരാഷ്ട്രമായി.ഇതാണ് ദൈവങ്ങളുടേയും മതങ്ങളുടേയും ഒരു ലഘുചരിതം.വിശദാംശങ്ങളൊക്കെനോക്കിപ്പോയാൽ കഥകളും ഉപകഥകളുമായി പടർന്നു കിടക്കുന്ന ഒരുവൻ വൃക്ഷത്തിൻറെ വിഹഗവീക്ഷണമാണ് നൽകിയത്.

                  സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലിപ്പൊഴും ഫ്യൂഡൽ ദൈവങ്ങളും അദ്ദേഹത്തെ പ്രീണിപ്പിക്കാനുമുള്ള പ്രാർത്ഥനകളുമാണ് നിലനിൽക്കുന്നത്.അന്ന് രാജാവ് ഽ ഭൂപ്രഭു ആയിരുന്നു ദൈവസ്ഥാനത്ത്. അദ്ദേഹമോ അദ്ദേഹം പറയുന്നവരോ മാത്രമായിരുന്നു ദൈവം.ഓരോ കാര്യം സംഭവിക്കുമ്പൊഴും - മണ്ണൊരുക്കൽ, നടീൽ,വിളവെടുപ്പ് മുതൽ ഭൂപ്രഭുവിൻറെ കുടുംബത്തിലെ ജനനം,മരണം വിവാഹം മുതൽ കുടിയാൻറെ വീട്ടിലെ ഈ പ്രക്രിയകൾക്കുവരെ - കാഴ്ചപ്പണം വച്ച് അനുഗ്രഹവും അനുമതിയും വാങ്ങണമായിരുന്നു.അദ്ദേഹത്തെ കാണാൻ പോകുമ്പോഴൊക്കെ അദ്ദേഹത്തിൻറെ പദവിക്കൊത്ത കാഴ്ചയുമായി വേണമായിരുന്നു ചെല്ലാൻ.ഇപ്പോഴും രോഗം മാറാൻ പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ കാഴ്ചകൊടുക്കണം,പിറ്റേന്ന് പരീക്ഷ ജയിക്കാൻ കാണാൻ ചെല്ലുമ്പോൾ ഇന്നലത്തെ കാഴ്ച മറന്നതുകൊണ്ടോ,വീണ്ടും കാഴ്ച വയ്ക്കണം.വീണ്ടും അടുത്ത ദിവസം രോഗം മാറാൻ പ്രാർത്ഥിക്കാൻ ചെല്ലുമ്പോഴും വേറെ കാഴ്ച വേണം.ഈ സ്വഭാവമാണ് ഇന്ത്യൻ ദൈവം ഫ്യൂഡലിസ്റ്റാണെന്ന് പറയാൻ കാരണം.നേരേമറിച്ച് മുതലാളിത്തവ്യവസ്ഥിതിയിൽ നിങ്ങൾക്ക് മുതലാളിയോട് മുഖത്തുനോക്കി ഒപ്പം നിന്ന്  സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.അങ്ങേര് ജോലിയിൽ നിന്ന് പിരിച്ചുവിടില്ല. അപ്പോൾ ഒന്നു വരുന്നത് രാജ്യത്ത് ഏതു വ്യവസ്ഥിതിയാണോ നിലനിൽക്കുന്നത്, ആ സ്വഭാവമുള്ള ദൈവത്തെയാണ് നമുക്ക് ലഭിക്കുക.

                   ഇനിയുള്ളൊരു ചോദ്യം എങ്ങിനെയാണ് ഈ മെയ് 3 എന്ന തിയതിയിലെത്തിയത്? ദൈവത്തോട് ചോദിച്ചു തീരുമാനിച്ചതാണോ? അതോ മതമേലദ്ധ്യക്ഷന്മാർ ഒന്നിച്ചിരുന്ന് എടുത്ത തീരുമാനമോ ? നിലവിലെ ലോക് ടൗൺ മെയ് 3 വരെയാണ്.എന്നാലത് പോരെന്നും ലോക് ടൗൺ തീയതി നീട്ടണമെന്നും ഒട്ടുമിക്ക സ്റ്റേറ്റുകളും ആവശ്യപ്പെട്ടു ക്കഴിഞ്ഞു .കേരളത്തിലാണെങ്കിൽ പ്രവാസികളുടെ തിരിച്ചു  വരാവുമായി ബന്ധപ്പെട്ട് ലോക് ടൗൺ നീളാവുന്നതാണ് .അങ്ങനെ വന്നാൽ തെറ്റു പറ്റുക ദൈവത്തിനായിരിക്കും,അത് പാടില്ലല്ലൊ !അപ്പോൾ ഇടയ്ക്കിട്ട് ഒരു പ്രാർത്ഥന അസ്ഥാനത്തും അനവസരത്തിലുമല്ലേ?ഇനിയുമൊരു ചോദ്യം കൂടി.കൊറോണ കലശലായി നിന്ന ഒരവസ്ഥയുണ്ടായിരുന്നു.എല്ലാം അനിശ്ചിതത്വത്തിൽ.ആർക്കൊക്കെ രോഗം  വരാം ,ആരെയൊക്കെ ക്വാറന്റയിൻ ചെയ്യണം മാസ്ക്  ആരൊക്കെ ഉപയോഗിക്കണം,തൊഴിലില്ലാതായവാർ  എങ്ങനെ ജീവിക്കും അങ്ങനെ നൂറുകൂട്ടാം ആശയക്കുഴപ്പങ്ങളിൽ പൊതുജനം വലഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം.അന്നീ ദൈവങ്ങളും ദൈവദാസന്മാരും എവിടെയായിരുന്നു?അതോ ജനത്തിനാശ്വാസമേകാൻ ദൈവങ്ങൾക്കും ദാസന്മാർക്കും കഴിയില്ല  എന്നതുകൊണ്ട് എവിടേയോ ഒളിച്ചിരുന്നിട്ട് രോഗം ഒന്നൊതുങ്ങുന്നു എന്ന് കണ്ടപ്പോൾ പുറത്തുചാടിയതാണോ

Share the post

ദൈവങ്ങളും പ്രാർത്ഥനകളും

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×