Get Even More Visitors To Your Blog, Upgrade To A Business Listing >>

ബി പോസിറ്റീവ്

                                  “ബി പോസിറ്റീവ്” സത്യത്തില്‍ ഞാനീ വാക്ക് ശ്രദ്ധിക്കാന്‍ തുടങ്ങുന്നതു തന്നെ ഔദ്യോഗീകജീവിതത്തിന്റെ ഭാഗമായിട്ടാണ്. ജോലിക്കാലത്ത് ലേണേഴ്സ് ടെസ്റ്റെഴുതാന്‍ വരുന്നവരുടെ അപേക്ഷ പരിശോധിക്കുമ്പോളതിലുള്ള ഒരു ചോദ്യം ബ്ലഡ് ഗ്രൂപ്പ് ഏതാണെന്നാണ്. A+,A- ,B+,B-, AB+,AB- O+ O- ഇവയാണല്ലോ മനുഷ്യരുടെ ബ്ലഡ് സാമ്പിളുകള്‍ . അങ്ങനെ അപേക്ഷ നോക്കി നോക്കി വരുമ്പോള്‍ ഓരോന്നും അവരോട് തന്നെ ചോദിച്ച് ഉറപ്പുവരുത്തി പോകുമ്പോള്‍ അവസാനം ബ്ലഡ് ഗ്രൂപ്പിലെത്തുന്നു. എന്താ ബ്ലഡ് ഗ്രൂപ്? ഞാന്‍ ചോദിക്കുന്നു, ഉടന്‍ മറുപറ്റി വരുന്നു ബി പോസിറ്റീവ്. ആദ്യമാദ്യം ഞാനൊന്നും മിണ്ടിയില്ല.പതുക്കെ പതുക്കെ ബി പോസിറ്റീവ് എന്നിലേയ്ക്ക് കയറി വന്നു, അപ്പോള്‍ ഞാന്‍ ചൊദിക്കാന്‍ തുടങ്ങി,  ബി പോസിറ്റീവ് ആണോ? എപ്പോഴും.
                            ചിലര്‍ എന്നെ തുറിച്ചു നോക്കി നില്‍ക്കും, ചിലര്‍ മിണ്ടാതെ നിശബ്ദമായീ നില്‍ക്കും, ചിലര്‍ പെട്ടെന്നു തന്നെ ചിരിച്ചുകൊണ്ട് തലകുലുക്കി സമ്മതിക്കും അതേ സര്‍ “ബി പോസിറ്റീവ്“ തന്നെ. പിന്നെ പിന്നെ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളേയും ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി ആരൊക്കെയാണ് “ബി പൊസിറ്റീവ്” ആരൊക്കെയാണ് “ബി നെഗറ്റീവ്” എന്ന്.
                             എനിക്കു ഈ കാര്യത്തില്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ നിങ്ങളുടെ പരിഗണനയ്ക്കായി ഇവിടെ കുറിയ്ക്കുകയാണ്. പണ്ട് മനുഷ്യന്‍ ഉണ്ടായ കാലത്തേക്കുറിച്ചൊന്നാലോചിച്ചു നോക്കൂ.ചുറ്റുമുളളതുമുഴുവനും  അവനെതിര്.ഇപ്പോള്‍ പെറ്റുവീണ കുഞ്ഞിനേപ്പോലെ നിസ്സഹായനും നിവൃത്തികെട്ടവനും ആയിരുന്നു അവന്‍ . അതിനേയൊക്കെ അതിജീവിച്ച് അവന്‍ ഉയര്‍ത്തെഴുന്നേറ്റ് വന്നത് ചരിത്രം തന്നെയാണ്.നാമൊരിക്കലും പഠിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത നമ്മുറ്റെ തന്നെ ചരിത്രം.
                           നമ്മുടെ പൂര്‍വികന്മാര്‍ അവശേഷിപ്പിച്ചിട്ടു പോയ ആ അടയാളങ്ങളുണ്ടല്ലോ, അതു പറഞ്ഞു തരും എത്രത്തോളം രക്തരൂക്ഷിതമായിരുന്നു അവന്റെ അതിജീവന സമരം എന്ന്.ചോര ചിന്തി സ്വന്തം കൂറ്റപ്പിറപ്പുകളെ നഷ്ടപ്പെടുത്തി ഇഞ്ചിനിഞ്ചിനു പോരാടി അവന്‍ മുന്നേറിയപ്പോള്‍ അതിനവനു കൂട്ടുണ്ടായത് അവന് ബലം പകര്‍ന്നത് അവന്റെ രക്തത്തില്‍ കലര്‍ന്ന സംഘബോധമായിരുന്നു.തനിക്ക് ഏറ്റുമുട്ടാന്‍ വയ്യത്തതൊക്കെ സംഘം ചേര്‍ന്നാല്‍ കീഴടക്കാന്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്നവന്‍ സ്വന്തം അനുഭവത്തില്‍ കൂടി മനസ്സിലാക്കി.അവിടുന്നിങ്ങോട്ട് അവനെ നയിച്ചതവന്റെ ഉള്ളില്‍ അന്തര്‍ലീനമായിരുന്ന ഈ സംഘബോധമാണ് എന്ന് മനുഷ്യചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
                       പ്രാകൃതകമ്യുണിസം എന്നറിയപ്പെടുന്ന ഈയവസ്ഥയില്‍ നിന്നും മാറ്റമുണ്ടായതിനു കാരണം ഈ സംഘശക്തിയിലുണ്ടായ വിള്ളലുകളാണ്. അവിടേയും എവിടേയും മനുഷ്യന്‍ മാറാന്‍ ശ്രമിച്ചത് അറില്‍ വിജയിച്ചത് ഈ സംഘശക്തിയുടെ ബലത്തിലാണ്. അടിമത്വം മുതല്‍ ഇന്നുവരേയുള്ള മനുഷ്യചരിത്രം എന്നാല്‍ ഈ സംഘശക്തിയുടെ അജയ്യതയാണെന്നു കാണാന്‍ പ്രത്യേകിച്ചൊരു വൈദഗ്ധ്യം ആവശ്യമില്ല.
                    എന്നാല്‍ ഈ സംഘബോധത്തോടൊപ്പം അവനെ മുന്നോട്ട് നയിച്ച മറ്റൊന്നാണ് അവന്റെ ശുഭാപ്തിവിശ്വാസം. ആദ്യഘട്ടത്തില്‍ തന്നെ പ്രകൃതിയുടെ ക്രൂരതയുടെ മുന്നില്‍ മുട്ടുമടക്കി മറ്റൊന്നും ചെയ്യാനാവാതെ അവന്‍ പരാജയം സമ്മതിച്ചിരുന്നെങ്കില്‍ ഇന്ന് മനുഷ്യന്‍ എന്നൊരു വംശം ഭൂമുഖത്ത് അവശേഷിക്കുമായിരുന്നില്ല.  ആദ്യഘട്ടത്തില്‍ ഒറ്റയ്ക്ക് നേരിട്ട് പരാജയപ്പെട്ട് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സംഘം ചേര്‍ന്ന്  എതിര്‍പ്പുകളെ നേരിട്ട് ജയിച്ചുവന്നവനാണ് മനുഷ്യന്‍ . അപ്പോള്‍ സംഘബൊധം മാത്രമല്ല തളരാത്ത ആത്മവിശ്വാസവും കൂടിയാണ് മനുഷ്യനെ വിശ്വജിത്താക്കീയത്. ആ ആത്മവിശ്വാസം ആണ് “ബി പൊസിറ്റീവ്” ആയി ഞാന്‍ കാണുന്നത്.മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആ ആത്മവിശ്വാസം.അതാണ് “ബി പോസിറ്റീവ്.” 
                  പക്ഷെ കാലം പോകെപ്പോകെ മനുഷ്യന്റെ ശത്രുക്കളുടെ തന്ത്രങ്ങള്‍ക്ക് മാറ്റം വരാന്‍ തുടങ്ങി.ആദ്യം പ്രകൃതിയും നരഭോജികളും ഒക്കെ ആയിരുന്നു മനുഷ്യന്റെ ശത്രുവെങ്കില്‍ അവരുടെ തന്ത്രങ്ങള്‍ മറയില്ലാത്തതായിരുന്നു, നേര്‍ക്കു നേര്‍ ആയിരുന്നു.എന്നാല്‍ പ്രകൃതിയില്‍ നരഭോജികളില്‍ ഒക്കെ വിജയം നേടി ഉയര്‍ന്നു വന്ന മനുഷ്യന്റെ ശത്രു മനുഷ്യന്‍ തന്നെയായതോടെ തന്ത്രങ്ങളും മാറി വരാന്‍ തുടങ്ങി.ആദ്യമായി ഒളിവും മറവും രഹസ്യതന്ത്രങ്ങളും മറ്റു മറപ്രയോഗങ്ങളും ഇവിടെ നിര്‍ലോഭം പ്രയോഗിക്കപ്പെട്ടു.ഇതിന്റെയൊക്കെ പൊരുളറിഞ്ഞ് വേണ്ടവിധം പോരാടണമെങ്കില്‍ കഷ്റ്റതയനുഭവിക്കുന്നവരും കുറേയേറേ കഷ്ടപ്പെടണമെന്ന് വന്നു.ശത്രുവിന്റെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം പ്രയോഗിക്കണമെങ്കില്‍ ഇവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് വന്നു.
                   എന്നാല്‍ നിത്യജീവിത ദുരിതങ്ങള്‍ക്കിടയില്‍ ഇതിനു ക്ഷമയില്ലാത്തവരോ ശ്രമിക്കാത്തവരോ ആയ ഒരു വിഭാഗം ഉയര്‍ന്നു വരാന്‍ തുടങ്ങി.അവരാണ് പൊതുവേ ദൈവത്തില്‍ എല്ലാം അര്‍പ്പിച്ച് ജീവിതം അദ്ദേഹത്തിന്റെ കൃപാകടാക്ഷമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയത്.യഥാര്‍ത്ഥത്തില്‍ ഇത് മനുഷ്യന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ വച്ച കോടാലിയാണീ ദൈവവിശ്വാസം.നാളിതുവരെ മനുഷ്യമോചനത്തിനീ ദൈവം പ്രയൊജനപ്പെട്ടിട്ടില്ല.എന്നാല്‍ ഇന്ന് എല്ലാത്തിനും പരിഹാരം ദൈവം എന്ന അവസ്ഥ വന്നത് മനുഷ്യന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ്. ദൈവ വിശ്വാസം  ആത്മവിശ്വാസത്തെ നശിപ്പിക്കുമെന്നും അങ്ങനെ മനുഷ്യമോചനം വൈകിപ്പിക്കാം എന്ന് മനസ്സിലാക്കിയവര്‍ ദൈവവിശ്വാസത്തിന് ഒത്താശ നല്‍കുകയും ചെയ്യുന്നു. ദൈവ വിശ്വാസം മനുഷ്യന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.അങ്ങനെ അവന്റെ മോചനം ദീര്‍ഘിപ്പിക്കുന്നു.
                അപ്പോള്‍ മനുഷ്യമോചനത്തിന്റെ പ്രഥമപാഠം ദൈവവിശ്വാസത്തെ ത്യജിക്കുക എന്നതാണ്. അപ്പോഴെ മനുഷ്യന്‍ മനുഷ്യനാകൂ.അപ്പോഴേ മനുഷ്യജീവിതമോചനമാകൂ. അതുകൊണ്ട് സുഹൃത്തുക്കളേ നിങ്ങള്‍ എപ്പോഴും ആത്മവിശ്വാസമുള്ളവരായിരിക്കണം എപ്പോഴും ബി പോസിറ്റിവ് ആകണം.
.

Share the post

ബി പോസിറ്റീവ്

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×