Get Even More Visitors To Your Blog, Upgrade To A Business Listing >>

യാത്രകൾ ! യാത്രകൾ!! യാത്രകൾ!!!



                                  നുവരി പകുതി കഴിഞ്ഞതോടെ കേരളത്തിൽ യാത്രകളുടെ സീസൺ ആരംഭിച്ചിരിക്കുകയാണ്.രണ്ടുമാസത്തിനുള്ളിൽ വരുന്ന സംസ്ഥാനനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് എന്ന നിലയിൽ മിക്കവാറും എല്ലാ പാർട്ടികളും അങ്ങ് കാസറകോഡ് ആരംഭിച്ച് ഇങ്ങ് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രകൾ ആരൻഭിച്ചിരിക്കുകയാണ്.സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മുഖ്യഘടകകക്ഷിയായ കോൺഗ്രസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന ജാഥയാണ് ആദ്യം ആരംഭിച്ചത്.ഭരണകക്ഷി നേതാവ് "ജനരക്ഷയാത്ര" ആരംഭിച്ചത് എല്ലാവരിലും കൗതുകമുണർത്തി. ആരിൽനിന്നാണ് അദ്ദേഹം രക്ഷതേടുന്നത്? സംശയമെന്ത് , സംസ്ഥാനത്തെ ഏറ്റവും വലിയ " അക്രമപാർട്ടിയായ " മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് രക്ഷതേടിയാണ് അദ്ദേഹത്തിന്റെ ജാഥയെന്ന് വിശദീകരണം.പക്ഷേ അപ്പോഴുമുണ്ടല്ലോ പ്രശ്നം. മാർക്സിസ്റ്റ് പാർട്ടിയുടെ "അക്രമത്തെ" തടയാൻ കഴിയാത്ത ഭരണകക്ഷി രാജിവയ്ക്കുന്നതല്ലേ ഉത്തമം? മറുപടിയില്ല. അപ്പോൾ ജനത്തിന്റെ വക വ്യാഖ്യാനം വന്നു, ഭരണനേതാക്കളുടെ പെണ്ണുപിടിയിൽ നിന്നും അഴിമതികളിൽ നിന്നും (അഴിമതിക്കേസിൽ ഒരു മന്ത്രി രാജിവച്ചു, മറ്റൊരാൾ രാജിവച്ചെങ്കിലും പിൻവലിച്ചു, മറ്റുരണ്ട് പേർക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീലുപോയി തൽക്കാലം പിടിച്ചുനിൽക്കുന്നു, മറ്റൊരു മന്ത്രിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നു.) ജനങ്ങളെ രക്ഷിക്കാനുള്ള യാത്രയാണ് ജനരക്ഷായാത്ര എന്ന്

                                പിന്നൊരു ജാഥ സംസ്ഥാനത്തെ പ്രമുഖപാർട്ടിയായ മാർക്സിസ്റ്റ് പാർട്ടി വ്യക്തമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന നവകേരള മാർച്ച് ആണ്. അക്ഷരാർത്ഥത്തിൽ കേരളത്തെ ഇളക്കിമറിച്ചുകൊണ്ട് ആ ജാഥ മുന്നേറുകയാണ്. ഇതിനിടയിൽ ആരംഭിച്ച മറ്റ് രണ്ട് ജാഥകളായ ബി ജെ പിയുടെ ജാഥയും ലീഗിന്റെ ജാഥയും മാർക്സിസ്റ്റ് പാർട്ടിയുടെ ജാഥയുടെ പ്രഭയിൽ ഒരു നിഴലുപോലുമാകാതെ നിഷ്‌പ്രഭമായി മാറി.അതുപോലെ തന്നെ ആരംഭിച്ച മറ്റ് രണ്ട് ജാഥകളായ സി പി ഐ യുടെ ജാഥയും കോൺഗ്രസ്സ് എസ് ന്റെ ജാഥയും മുന്നേറുന്നെന്ന് പറയപ്പെടുന്നു.

                              എന്നാൽ ഞാൻ പറയാൻ പോകുന്ന കാര്യം ഇതൊന്നുമല്ല. ഇന്ന് കുറച്ച് നാളുകൾക്ക് ശേഷം കുറച്ചുദൂരം കാറിൽ യാത്ര ചെയ്യേണ്ടി വന്നു.വണ്ടി ഓടിച്ചുപോകുമ്പോൾ , നേരംപോക്കിനായി ഞാൻ റേഡിയോ റ്റ്യൂൺ ചെയ്തു, മാതൃഭൂമി എഫ് എം.ഒരു (ബസ് / കാർ / ബൈക്ക് ) യാത്രക്കാരൻ മിസ്റ്റർ അരുൺ റേഡിയോയിൽ വിളിച്ച് പരിഭവം പറയുന്നു. ഞാനൊരു പാർട്ടി(?)ക്കാരനാണ് . എനിക്ക് ഒരു പാർട്ടിയോട് അനുഭാവമുണ്ട്. എന്നാൽ ഇത് വളരെയേറെ കടന്നുപോയി. ഒരു മണിക്കൂറായി ഞാൻ റോഡിൽ ബ്ലോക്കിൽ കിടക്കുകയാണ് , എനിക്ക് പോകേണ്ടേ? ഇവർക്ക് ജാഥ നടത്താൻ മറ്റെവിടെയെങ്കിലും പൊയ്ക്കൂടേ? ടൗണിൽ നിന്നൊഴിഞ്ഞ് ഏതെങ്കിലും ഗ്രൗണ്ടിൽ കൊണ്ടുപോയി ഈ ജാഥ നടത്തിക്കൂടേ? അരുണിങ്ങനെ പരിഭവിച്ചുകൊണ്ടേയിരിക്കുന്നു, ആങ്കറാണെങ്കിൽ അരുണിനേക്കാൾ വിഷമത്തിൽ അരുണിന്റെ ദു:ഖം ശ്രോതാക്കളിലേക്കെത്തിക്കൻ ശ്രമിക്കുന്നു.ആകെ ദു:ഖമയം.                                       
                 ഞാൻ ആലോചിച്ചുപോയി.ഇത്തരം ജാഥകളിൽ പെട്ട് മിക്കവാറും എല്ലാ കേരളീയരും ബുദ്ധിമുട്ടിയിട്ടുമുണ്ടാകും. ഇന്നലെത്തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകെ നാല്പത് മിനിട്ട് കേരളത്തിലൊരു പരിപാടിക്ക് വരുന്നതിന്ന് രണ്ടുദിവസങ്ങളിലായി കോഴിക്കോട് നിവാസികൾ അനുഭവിക്കുന്ന ദുരിതം റിപ്പോർട്ട് ചെയ്യാനോ അല്ലെങ്കിൽ പരിഭവം പറയാനോ ഒരു അരുൺ അവിടെ ഉണ്ടായില്ല.അതോ അവിടത്തെ അരുണിനെ റേഡിയോക്കാർ പ്രോത്സാഹിപ്പിക്കാത്തതോ?ഈ എഫ് എം ചാനൽ മാത്രമല്ല മറ്റൊരു ചാനലും ഉത്സവങ്ങളും പെരുന്നാളുകളുമുണ്ടാക്കുന്ന ബ്ലോക്കുകൾ വിഷയമാക്കാറില്ല. ഒരു അരുണിനും അത് പ്രശ്നമാകാറില്ല.അഥവാ ഏതെങ്കിലും അരുണുമാർ അത് പറയാൻ ചാനലുകളിൽ വിളിച്ചാൽ ചാനലുകാർ അത് പ്രോത്സാഹിപ്പിക്കാറില്ല എന്ന് വേണം പറയാൻ.ഹൈക്കോടതിയും സുപ്രീം കോടതിയും പോലും രാഷ്ട്രീയക്കാരുടെ പ്രകടനങ്ങളും സമ്മേളനങ്ങളും മാത്രമേ നിരോധിച്ചിട്ടുള്ളൂ.അമ്പല - പള്ളി - മോസ്ക്ക് - മറ്റ് ജാതിമതക്കാർക്ക് - എന്തുവേണമെങ്കിലും ആകാം. ആരും ചോദിക്കില്ല , അഥവാ ചോദിക്കാൻ പാടില്ല , അത് റിപ്പോർട്ട് ചെയ്യാൻ ഒരു ചാനലും ഇന്ന് ഇവിടെയില്ല. അപ്പോൾ മതക്കാരുടെ ബ്ലോക്കും രാഷ്ട്രീയക്കാരുടെ ബ്ലോക്കും രണ്ടും രണ്ടാണ്.

               
                               പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. മുപ്പത്തിയഞ്ചു ലക്ഷം പേർ ഇക്കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് പൊങ്കാലയിട്ടു എന്നാണ് ആറ്റുകാൽ അമ്പലക്കമ്മിറ്റി പറയുന്നത്. ആ ദിവസമോ തൊട്ട് മുൻപും പിൻപുമുള്ള ദിവസങ്ങളിലോ തിരുവനന്തപുരത്തെ ജനങ്ങൾക്ക് അനങ്ങാൻ കഴിയാത്ത സ്ഥിതിയാണ് വർഷങ്ങളായിട്ടുള്ളത്.ആർക്കെങ്കിലും എന്തെങ്കിലും പരാതിയോ പരിഭവമോ അതുകൊണ്ടുണ്ടായിട്ടുണ്ടോ?ഉണ്ടാകാം , അല്ലെങ്കിൽ ഉണ്ടായിരിക്കണം. എന്നാലത് വായുവിലേയ്ക്ക് കടത്തിവിട്ട് ജനൽസ്ഖങ്ങളൂടെ കർണ്ണങ്ങളിലേക്കെത്തിക്കാൻ ഒരു ചാനലിനും ധൈര്യമില്ല.നിയമം പാലിക്കേണ്ട പോലീസുദ്യോഗസ്ഥർ മുതൽ മന്ത്രിപുംഗവന്മാർ വരെ ഇവിടെ വന്ന് പൊങ്കാലയിടുമ്പോൾ കേരളത്തിന്റെ പതനം പൂർണ്ണമാവുന്നു. ഇത്രയധികം നാട്ടുകാരേ ബുദ്ധിമുട്ടിച്ച് പൊങ്കാലയിട്ടതുകൊണ്ടെന്ത് നേട്ടം?എനിക്ക് മനസ്സിലായ ഒരു നേട്ടം ഇപ്രകാരമായിരുന്നു. കേരളത്തിന്റെ ക്രിക്കറ്റ് കളിക്കാരൻ ശ്രീശാന്ത് , അദ്ദേഹം ഏതോ ഒരു വലിയ കളിയ്ക്ക് പോകുന്നതിന്നു മുൻപുള്ള പൊങ്കാല. മകന്നു ശ്രേയസ്സുവരുന്നതിന്നും കളിയിൽ നേട്ടങ്ങളുണ്ടാക്കുന്നതിന്നും അദ്ദേഹത്തിന്റെ അമ്മ പൊങ്കാലയിടുന്നതിന്റെ ചിത്രം ആ അമ്മയുടെ വിശദീകരണമടക്കം എല്ലാ പത്രങ്ങളിലും വന്നിരുന്നു.എന്നിട്ടോ ? ഏതുകളിയിൽ മിടുക്കനാകാൻ ആ അമ്മ പൊങ്കാലയിട്ടുവോ , ആ കളിക്കിടയിൽ മറ്റൊരാളുടെ തല്ലുംകൊണ്ട് ഉറക്കെ കരഞ്ഞ് ശ്രീശാന്ത് കളിക്കളം വിടുന്നതിന്റെ ചിത്രവും അടുത്ത ദിവസങ്ങളിൽ വന്നു.അപ്പോ ഇത്രയേയുള്ളു പൊങ്കാല കൊണ്ടുള്ള കാര്യം.

                    
ഇതേപോലെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന യാതൊരു കാര്യവുമില്ലാത്ത നോൺപ്രൊഡക്റ്റീവായ അഭ്യാസങ്ങളാണ് എല്ലാ മതങ്ങളുടേയും ആൾക്കൂട്ട ഉൽസവങ്ങൾ. ആ അഭ്യാസങ്ങളാണ് മിസ്റ്റർ അരുൺ, ആളും അർത്ഥവുമില്ലാത്ത റോഡിൽ നിന്നകന്ന മൈതാനങ്ങളിലേയ്ക്ക് മാറ്റേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ യാത്രകളോ , റാലികളോ അല്ല. എന്തുകൊണ്ടെന്നാൽ, ജാഥകൾ, റാലികൾ പോലൂള്ള രാഷ്ട്രീയപാർട്ടികളുടെ ഏതൊരു പരിപാടിയും , അത് ഏത്  പാർട്ടിയുടേതായാലും ശരി , വൻ ബഹുജനവിദ്യാഭ്യാസ പരിപാടികളാകുന്നു അരുൺ.ഒരു ജനാധിപത്യരാജ്യത്ത് , ജനാധിപത്യ അവകാശങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് ബഹുജനവിദ്യാഭ്യാസം - അത് ഏത് രീതിയിലായാലും ശരി - ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ്. ഫാസിസ്റ്റ് പാർട്ടിയായ ബിജെ പിയ്ക്കും ജാതിമതങ്ങളുടെ വേലിക്കെട്ടിൽ ഒതുങ്ങിനിൽക്കുന്ന പാർട്ടികൾക്കും ക്രിയാത്മകമായി ഒന്നും പറയാനില്ലാത്ത കോൺഗ്രസ്സ് പാർട്ടിക്കും ജനങ്ങളോട് പലതും പറയാനുണ്ടാവും. അത് കേൾക്കുന്ന മറ്റ് പാർട്ടികൾക്ക് അതിനോട് പ്രതികരിക്കാനുണ്ടാവും. ഇങ്ങനെയുണ്ടാവുന്ന സംവാദങ്ങളാണ് ജനങ്ങളെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയപാർട്ടികളുടെ ഇത്തരം സംവാദങ്ങൾ എപ്പോഴും പ്രോത്സാഹിപ്പീക്കേണ്ടതുണ്ട്.(സംവാദങ്ങൾ ചിലപ്പോൾ വിവാദങ്ങളിലേയ്ക്കും സംഘർഷങ്ങളിലേക്കും മാറാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല.)

                                     ലോകചരിത്രത്തിൽ നാളിതുവരെ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ളത് രാഷ്ട്രീയം വഴിയാണ്, ഒരിക്കലും മതങ്ങളോ ഈശ്വരന്മാരോ ആയിരുന്നില്ല.ഭാരതത്തെപോലെ ഇത്രമാത്രം അസമത്വങ്ങളും അനീതികളും അഴിമതികളും സ്വജനപക്ഷപാതങ്ങളും നടമാടുന്ന ഒരു രാജ്യത്ത് ജനങ്ങളുടെ സഹായമില്ലാതെ നല്ലൊരു ഭരണം കാഴ്ചവയ്ക്കാനാവില്ല എന്നത് സുനിശ്ചിതമായ കാര്യമാണ്.അപ്പോൾ ഇത്തരം യാത്രകളും റാലികളും ഇനിയുമിനിയും തുടരേണ്ടത് നാടിന്റെ നാട്ടാരുടെ ആവശ്യമാണ്, അതിനിയും തുടരും തുടരണം എന്നത് ഇന്നാട്ടിലെ അസംതൃപ്തരുടെ അശരണരുടെ ആവശ്യമാണ്.

Share the post

യാത്രകൾ ! യാത്രകൾ!! യാത്രകൾ!!!

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×